Ad Code

ചില നാടന്‍കളികള്‍


 ഞൊണ്ടിത്തൊടീല്‍     

വലിയ കളം വരച്ചു കളിക്കാര്‍ രണ്ടു ടീമുകളായി പിരിഞ്ഞുള്ള കളിയാണിത്. 
ഒരു ടീം ആദ്യം കളത്തിനുള്ളില്‍ നില്‍ക്കും. മറ്റേ ടീം അപ്പോള്‍ കളത്തിനു പുറത്തായിരിക്കും. കളത്തിനുള്ളിലുള്ള ടീം എതിര്‍ ടീമിലെ ആരുടെയെങ്കിലും പേര്‍ പറയും. അയാള്‍ കളത്തിനു പുറത്തു നിന്നും ഒറ്റക്കാലില്‍ ഞൊണ്ടിയെത്തി കളത്തിനുള്ളില്‍ ഉള്ള ആരെയെങ്കിലും തൊടണം. കളത്തിലുള്ളവര്‍ ഞൊണ്ടി വരുന്ന ആള്‍ തൊടാതിരിക്കാനായി കളത്തിനുള്ളില്‍ തന്നെ ഓടും. ആരെയെങ്കിലും തൊട്ടാലോ, കളത്തിനു പുറത്തു പോയാലോ ആയാള്‍ ഔട്ട് ആകും. ഞൊണ്ടുന്ന ആള്‍ കാല്‍ തറയില്‍ കുത്തിയാല്‍ അയാളും ഔട്ട് ആകും. ഞൊണ്ടുന്നതിനിടിയില്‍ കാല്‍ മാറി ഞൊണ്ടണമെങ്കില്‍ സ്വന്തം ടീമിലെ ആരുടെയെങ്കിലും കാലില്‍ ചുവട്ടി നിന്ന് കാല്‍ മാറി ഞൊണ്ടാം. 

ഇട്ടൂലി     
എത്രപേര്‍ക്കു വേണമെങ്കിലും കളിക്കാവുന്ന കളിയാണിത്. ഒരാളെ ലീഡറായി തിരഞ്ഞെടുക്കും. മറ്റുള്ളവര്‍ കണ്ണടച്ച് എതിര്‍ദിശയിലേക്കു നോക്കി നില്‍ക്കുമ്പോള്‍ ലീഡര്‍ ഒരു സേഫ്റ്റി പിന്‍ എവിടെയെങ്കിലും ഒളിപ്പിക്കും. സാധാരണ ഗതിയില്‍ കളിക്കുന്ന സ്ഥലത്തെ മണ്ണിലോ സ്വന്തം വസ്ത്ര തുമ്പിലോ ആണു ലീഡര്‍ സേഫ്റ്റി പിന്‍ ഒളിപ്പിക്കുന്നത്. ഒളിപ്പിച്ചതിനു ശേഷം ലീഡര്‍ ഇട്ടൂലി പറയുമ്പോള്‍ കുട്ടികള്‍ കണ്ണ് തുറന്നു സേഫ്റ്റി പിന്‍ കണ്ടെത്താനായി തിരച്ചില്‍ തുടങ്ങും. 

സേഫ്റ്റി പിന്‍ ഒളിപ്പിച്ച സ്ഥലത്ത് അടുക്കുമ്പോള്‍ ലീഡര്‍ ചൂട് എന്നും സ്ഥലത്തു നിന്നും അകലുമ്പോള്‍ തണുപ്പ് എന്നും പറയും. ഇപ്രകാരമുള്ള സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ സേഫ്റ്റി പിന്‍ മറ്റു കുട്ടികള്‍ കാണാതെ എടുത്തു ലീഡറുടെ അടുക്കല്‍ എത്തിക്കുന്ന ആള്‍ വിജയിച്ചു. സേഫ്റ്റി പിന്‍ കണ്ടെത്തിയ കുട്ടി ലീഡര്‍ക്കു കൈമാറുന്നതിനു മുന്‍പു മറ്റു കളിക്കാര്‍ അയാളെ പിടിച്ചാല്‍ പോയിന്റ് ലഭിക്കില്ല. 

സാറ്റ് കളി (ഒളിച്ചുകളി)     
എത്രപേര്‍ക്കു വേണമെങ്കിലും പങ്കെടുക്കാവുന്ന മറ്റൊരു കളിയാണു സാറ്റ് കളി. കൂട്ടത്തിലൊരാള്‍ ഒരു മരത്തിലോ, ഭിത്തിയിലോ ചേര്‍ന്നു നിന്നു കണ്ണുകളടച്ച് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ 100 വരെ എണ്ണും. ഈ സമയത്തിനുള്ളില്‍ ബാക്കിയുള്ള കുട്ടികള്‍ എവിടെയെങ്കിലും ഒളിക്കും. 100 വരെ എണ്ണിക്കഴിഞ്ഞ ശേഷം എണ്ണിയ ആള്‍ ഒളിച്ചിരുന്നവരെ കണ്ടെത്താന്‍ ശ്രമിക്കും. ഒളിച്ചിരുന്നവര്‍ എണ്ണിയ ആള്‍ കാണാതെ മരത്തിലോ ഭിത്തിയിലോ വന്നു തൊട്ടാല്‍ അവര്‍ക്കു പത്ത് പോയിന്റ് ലഭിക്കും. എണ്ണിയ ആള്‍ ആദ്യം ആരെയാണോ കണ്ടെത്തുന്നത് (സാറ്റ് വയ്ക്കുന്നത്) അയാളാകും പിന്നീട് എണ്ണുന്നത്. ഇങ്ങനെ എത്ര നേരം വേണമെങ്കിലും കളി തുടരാം.

കുട്ടിയും കോലും     
നീളമുള്ള ഒരു കമ്പും (കോല്‍) ചെറിയൊരു കമ്പും (കുട്ടി) ഉണ്ടെങ്കില്‍ കുറ്റിയും കോലും കളിക്കാം. കളിസ്ഥലത്ത് ഒരു ചെറിയ കുഴി എടുക്കുക. കുട്ടി കുഴിക്കു കുറുകെ വയ്ക്കുക. ഒരാള്‍ കോലുമായി കുഴിക്കു സമീപം എത്തും. ബാക്കിയുള്ളവര്‍ എതിര്‍വശത്തായി നില്‍ക്കുമ്പോള്‍ കുഴിക്കു സമീപമെത്തിയ ആള്‍ കോല്‍ ഉപയോഗിച്ചു കുട്ടി ദൂരേക്കു തെറിപ്പിക്കും. എതിര്‍ ദിശയില്‍ നിക്കുന്നവര്‍ കുട്ടി താഴെ സ്പര്‍ശിക്കാതെ പിടിച്ചാല്‍ കോല്‍ ഉപയോഗിച്ചു തോണ്ടിയ ആള്‍ ഔട്ടാകും. അല്ലായെങ്കില്‍ എതിര്‍ ദിശയില്‍ ഉള്ളവര്‍ കുട്ടി കുഴിക്കു സമീപത്തേക്കു വലിച്ചെറിയും.

കളിക്കാരനു കോല്‍ ഉപയോഗിച്ചു കുട്ടി അടിച്ചകറ്റാം (ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍ ബോള്‍ ആടിച്ചകറ്റും പോലെ). അടിച്ചകറ്റാന്‍ കഴിയാതെ കുട്ടി കിടക്കുന്ന സ്ഥലം മുതല്‍ കുഴി വരെ ഒരു കോല്‍ അളക്കാനായില്ലായെങ്കിലും കളിക്കാരന്‍ ഔട്ട് ആകും. അല്ലായെങ്കില്‍ കുട്ടി കിടക്കുന്ന സ്ഥലം മുതല്‍ കുഴി വരെ കോല്‍ വച്ച് അളന്ന് അത്രയും കോല്‍ പോയിന്റായി കണക്കാക്കും. ടീമായി തിരിഞ്ഞും ഇതു കളിക്കാം. 

കുഴിപ്പന്തുകളി     
ആധുനിക ഗോള്‍ഫ് കളിയുടെ പ്രാചീന രൂപമെന്നു വേണമെങ്കില്‍ കുഴിപ്പന്തുകളിയെ വിശേഷിപ്പിക്കാം. റബര്‍പന്തും ഹോക്കി സ്റ്റിക് പോലെ അഗ്രം അല്‍പ്പം വളഞ്ഞ വടിയും ഉണ്ടെങ്കില്‍ ചെറിയൊരു മൈതാനത്തു കളി ആരംഭിക്കാം. റബര്‍ പന്ത് വയ്ക്കാന്‍ ഒരു ചെറിയ വൃത്തം വരയ്ക്കുക. ഇവിടെ നിന്നും 25 അടി മുന്നിലായി ഏതാനം ചെറിയ കുഴികള്‍ നിര്‍മിക്കുക. പന്തു ചെന്നു വീഴാന്‍ പാകമായ കുഴികള്‍ ഒരേ വരയിലാകരുത്. 

വൃത്തത്തില്‍ വച്ചിരിക്കുന്ന പന്ത് കമ്പുപയോഗിച്ചു കുഴിയിലേക്ക് അടിച്ചിടണം. ഓരോ തവണ പന്ത് കുഴിയില്‍ വീഴുമ്പോഴും ഓരോ പോയിന്റ്. പന്ത് കുഴിയില്‍ വീണില്ലെങ്കില്‍ അടുത്ത ആളിന് അവസരം നല്‍കണം. ടീമായും ഒറ്റയ്ക്കും കളിക്കാവുന്ന കളിയില്‍ നിയന്ത്രണത്തോടെ പന്ത് അടിക്കുന്നതിലാണു മികവ്. 

കണ്ണുപൊത്തിക്കളി     
ആദ്യം ഒരാളെ തിരഞ്ഞെടുത്ത് അയാളുടെ കണ്ണ് തുണി ഉപയോഗിച്ചു മൂടിക്കെട്ടുക. ബാക്കിയുള്ളവര്‍ സമീപത്തെ വിവിധ ഭാഗങ്ങളിലേക്കു മാറി നിന്നു കൈ കൊട്ടുകയും വിവിധ ശബ്ദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. കണ്ണ് മൂടിക്കെട്ടിയ ആള്‍ അവിടെ എത്തുമ്പോള്‍ അവര്‍ അവിടെ നിന്നും മാറും. ആരെയെങ്കിലും തൊടാന്‍ സാധിച്ചാല്‍ പിന്നീട് അവരാകും കണ്ണ് മൂടിക്കെട്ടി മറ്റുള്ളവരെ തൊടാന്‍ ചെല്ലുന്നത്. 

മാണിക്യചെമ്പഴുക്ക     
എത്ര പേര്‍ക്കു വേണമെങ്കിലും കളിക്കാവുന്ന കളിയാണിത്. ചെറിയ പന്ത്, വെള്ളയ്ക്കാ, ഉരുളന്‍ കല്ല് എന്തു വേണമെങ്കിലും ചെമ്പഴുക്കാ ആയി ഉപയോഗിക്കാം. കുട്ടികളെല്ലാം വൃത്താകൃതിയില്‍ ഇരിക്കണം. എന്നിട്ടു ചെമ്പഴുക്കാ ഒരാള്‍ മറ്റൊരാളുടെ കയ്യിലേക്കു നല്‍കണം. ഇപ്രകാരം നല്‍കുമ്പോള്‍ 
ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യചെമ്പഴുക്ക 
എന്റെ വലം കയ്യിലോ മാണിക്യചെമ്പഴുക്ക
ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യചെമ്പഴുക്ക 
എന്റെ ഇടം കയ്യിലോ മാണിക്യചെമ്പഴുക്ക എന്ന പാട്ട് പാടും. 

പാട്ടിന്റെ വേഗതാളത്തിനനുസരിച്ചു ചെമ്പഴുക്ക കൈമാറുന്നതിന്റെ വേഗം കൂടുകയും കുറയുകയും ചെയ്യും. പാട്ട് നിര്‍ത്തുമ്പോള്‍ ആരുടെ കൈയ്യിലാണു ചെമ്പഴുക്ക ഉള്ളത് അയാള്‍ കളിയില്‍ നിന്നും പുറത്താകും. ഇപ്രകാരം അവസാനം രണ്ടു പേര്‍ തമ്മില്‍ കൈമാറുമ്പോള്‍ ആരുടെ കൈവശം ചെമ്പഴുക്ക എത്തുന്നുവോ അയാളും പുറത്തായി മറ്റേ വ്യക്തി വിജയി ആകും. 

വളമുറി സെറ്റ് കളി     
കുറഞ്ഞത് നാലു പേര്‍ക്കു കളിക്കാവുന്ന കളിയാണിത്. പണ്ടു കുപ്പിവളകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന കാലത്തു പെണ്‍കുട്ടികള്‍ അവരുടെ പൊട്ടിയ വിവിധ നിറത്തിലുള്ള കുപ്പിവളകള്‍ ഒടിച്ചു സൂക്ഷിച്ചു വച്ചിരുന്നു. കളിക്കുന്നവര്‍ വട്ടത്തിലിരിക്കും. ഒരാള്‍ കണ്ണടച്ചു വിവിധ നിറത്തിലുള്ള കുപ്പിവള മുറികള്‍ കൈകളില്‍ വച്ചു കുലുക്കും. കണ്ണടച്ചു കൊണ്ടു തന്നെ കളിക്കുന്ന എല്ലാവര്‍ക്കുമായി വളമുറികള്‍ വീതിച്ചു നല്‍കും. അവരവര്‍ക്കു ലഭിച്ച വളമുറികള്‍ എല്ലാം ഒരേ നിറത്തിലുള്ളതാക്കി മാറ്റുകയാണു കളിക്കാര്‍ ചെയ്യേണ്ടത്. 

കളി തുടങ്ങുന്ന ആള്‍ തന്റെ കയ്യില്‍ ഏറ്റവും കുറവുള്ള നിറത്തിലെ കുപ്പിവള മുറി കളത്തില്‍ വയ്ക്കും. മറ്റൊരാള്‍ തനിക്കാവശ്യമുള്ളതാണെങ്കില്‍ അതെടുത്ത ശേഷം മറ്റൊരു നിറത്തിലെ വളമുറി വയ്ക്കും. കളത്തില്‍ വച്ച നിറം വേണ്ടായെങ്കില്‍ പാസ് എന്നു പറയും. ഇപ്രകാരം കളി തുടര്‍ന്ന് ആര്‍ക്കാണോ ആദ്യം തന്റെ കൈവശമുള്ള എല്ലാ കുപ്പിവള മുറികകളും ഒരേ നിറത്തിലുള്ളതാക്കാന്‍ കഴിയുന്നത് അയാള്‍ ജയിച്ചതായി പ്രഖ്യാപിക്കും. 

വെട്ട് കളി     
രണ്ടു പേര്‍ക്കു കളിക്കാവുന്ന കളിയാണിത്. തറയില്‍ സമചതുരം വരച്ച് എതിര്‍ വശങ്ങളുടെ മധ്യബിന്ദുക്കള്‍ യോജിപ്പിച്ചും മൂലകള്‍ യോജിപ്പിച്ചും വരകള്‍ ഇടും. രണ്ടു കളിക്കാരും സമാനമായ എന്തെങ്കിലും മൂന്നു വസ്തുക്കള്‍ എടുക്കും. രണ്ടു കളിക്കാരുടെയും വസ്തുക്കളുടെ നിറങ്ങള്‍ വ്യത്യസ്തമായിരിക്കണം. ഉദാഹരണം പറഞ്ഞാല്‍ ഒരാള്‍ കല്ല് എടുത്താല്‍ മറ്റേയാള്‍ക്ക് ഇല എടുക്കാം. മൂന്നു വസ്തുക്കളും ഒരേ നേര്‍രേഖയില്‍ വരുത്തുന്ന ആള്‍ കളി ജയിക്കും. വസ്തുക്കള്‍ നെടുകയും കുറുകെയും ഉള്ള വരകളിലൂടെ മാത്രമേ നീക്കാന്‍ സാധിക്കൂ. ബുദ്ധിപൂര്‍വം കളിക്കേണ്ട കളിയാണിത്. 

ഈര്‍ക്കില്‍ കളി     
വീടിനുള്ളിലിരുന്നു കളിക്കാവുന്ന കളിയാണിത്. തുല്യ നീളമുള്ള 10 പച്ച ഈര്‍ക്കിലും ഇതിനേക്കാള്‍ നീളമുള്ള ഒരു പച്ച ഈര്‍ക്കിലും ഉണ്ടെങ്കില്‍ കളി തുടങ്ങാം. ഈര്‍ക്കിലുകള്‍ ഒരുമിച്ചു പിടിച്ച് അല്‍പ്പം ഉയര്‍ത്തി താഴേക്ക് ഇടും. താഴേക്കിടുമ്പോള്‍ ദൂരേക്കു തെറിച്ചു വീഴുന്ന ഈര്‍ക്കില്‍ എടുത്തു മേല്‍ക്കുമേല്‍ കിടക്കുന്ന ഈര്‍ക്കിലുകള്‍ അനങ്ങാതെ നീക്കുന്നതാണു കളി. 

അനങ്ങാതെ എടുക്കുന്ന ഓരോ ഈര്‍ക്കിലിനും പത്തു പോയിന്റ് വീതവും ഏറ്റവും നീളമുള്ള ഈര്‍ക്കിലിനു 100 പോയിന്റും എന്നാണു കണക്ക്. ഈര്‍ക്കില്‍ എടുക്കുമ്പോള്‍ മറ്റേതെങ്കിലും ഈര്‍ക്കില്‍ അനങ്ങിയാല്‍ ആ ആള്‍ ഔട്ടായി. എത്ര പേര്‍ക്കു വേണമെങ്കിലും വട്ടത്തിലിരുന്നു ഓടാതെയും ചാടാതെയും കളിക്കാവുന്ന കളിയാണിത്. 

കോല്‍ക്കുത്ത് കളി     
കുറെയേറെ കുട്ടികള്‍ക്കു കളിക്കാവുന്ന കളിയാണിത്. കളിസ്ഥലത്തു വലിയൊരു വൃത്തം വരയ്ക്കുക. ഈ വൃത്തത്തെ കോട്ട എന്നു വിളിക്കാം. ഒരാള്‍ ഒഴിച്ചു ബാക്കിയെല്ലാവരും വൃത്തത്തിനകത്തു നില്‍ക്കണം. പുറത്തു നില്‍ക്കുന്ന ആള്‍ കോട്ടയ്ക്കുള്ളിലുള്ള ഒരാളെ പേരു വിളിച്ച് ആവശ്യപ്പെടുകയും ഇയാള്‍ പുറത്തു വരികയും ചെയ്യും. പുറത്തു വന്ന ആള്‍ കോട്ടയ്ക്കുള്ളില്‍ കടക്കാതെ ഉള്ളിലുള്ളവരെ വലിച്ചു പുറത്തേക്കു കൊണ്ടുവരാന്‍ ശ്രമിക്കും. 

ശക്തി പരീക്ഷയില്‍ പുറത്തു വരുന്ന ആളും പുറത്തുള്ളവരുടെ ഒപ്പം ചേര്‍ന്നു കോട്ടയ്ക്കുള്ളിലുള്ളവരെ പുറത്തേക്കു കൊണ്ടുവരാന്‍ ശ്രമിക്കും. കോട്ടയ്ക്കുള്ളിലെ മുഴുവന്‍ പേരെയും പുറത്തു കൊണ്ടുവരുന്നതുവരെ കളി തുടരും. പുറത്തു നിന്നുള്ള ഒരാളെ കോട്ടയ്ക്കുള്ളിലേക്കു വലിച്ചെടുക്കുന്നതിനു ശ്രമിച്ചു അകത്തുള്ളവര്‍ വിജയിച്ചാല്‍ അകത്തേക്കു വലിച്ചെടുക്കുന്ന ആളിന്റെ പുറത്തു കുത്തുന്നതും പതിവാണ്. 

അക്കുത്തിക്കുത്ത് കളി     
കളിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം വട്ടത്തില്‍ ഇരിക്കണം. എല്ലാവരും അവരവരുടെ കൈകള്‍ തറയില്‍ കമഴ്ത്തി വയ്ക്കണം. ആദ്യം ഒരാള്‍ അക്കുത്തിക്കുത്താനവരുമ്പേ
കയ്യേക്കുത്ത് കരിങ്കുത്ത്
ചീപ്പ് വെള്ളം, താറാവെള്ളം
താറാമക്കടെ കൈയ്യില്‍ ഒരു വാങ്ക് എന്ന പാട്ട് പാടി കമഴ്ത്തി വച്ചിരിക്കുന്ന എല്ലാ കൈകളിലും സ്പര്‍ശിക്കണം. പാട്ട് നില്‍ക്കുമ്പോള്‍ ആരുടെ കയ്യിലാണോ സ്പര്‍ശിക്കുന്നത് അവര്‍ക്കു കൈ മലര്‍ത്തിപ്പിടിക്കാം. 

ഇങ്ങനെ കളി തുടരവേ മലര്‍ത്തിപ്പിടിച്ച ആളിന്റെ കയ്യില്‍ തന്നെ പാട്ടു നില്‍ക്കുമ്പോള്‍ സ്പര്‍ശിച്ചാല്‍ അവര്‍ കൈകള്‍ ചുരുട്ടിപ്പിടിക്കും. ചുരുട്ടിപ്പിടിച്ച കയ്യില്‍ വീണ്ടും സ്പര്‍ശിക്കുമ്പോള്‍ അയാള്‍ ജയിച്ചതായി പ്രഖ്യാപിക്കും. ഇപ്രകാരം ഏറെ നേരം കളി തുടര്‍ന്ന് അവസാനം കളത്തില്‍ ആരുടെ കയ്യാണോ അവശേഷിക്കുന്നത് അയാള്‍ തോറ്റതായി പ്രഖ്യാപിക്കും. 

കുളം കര കളി     
ആദ്യം മൈതാനത്തു വലിയൊരു വൃത്തം വരയ്ക്കും. കളിക്കാരില്‍ നിന്നും ഒരാളെ ലീഡറായി തിരഞ്ഞെടുക്കും. ബാക്കിയുള്ളവര്‍ വൃത്തത്തിനു വെളിയിലായി വൃത്താകൃതിയില്‍ നില്‍ക്കും. വൃത്തത്തിന്റെ ഉള്‍വശം കുളവും പുറം വശം കരയും ആണ്. ലീഡര്‍ കുളം എന്നു പറയുമ്പോള്‍ കളിക്കാരെല്ലാരും വൃത്തത്തിനുള്ളിലേക്കു കടക്കും. കര എന്നു പറയുമ്പോള്‍ തിരിച്ചിറങ്ങും. 

ലീഡര്‍ കുളം കര, കുളം കര എന്നിങ്ങനെ വേഗത്തില്‍ പറയുന്നതിനുസരിച്ചു കുട്ടികള്‍ അകത്തേക്കു കയറുകയും പുറത്തേക്കിറങ്ങുകയും ചെയ്യും. ലീഡര്‍ പറഞ്ഞതിനു വിരുദ്ധമായി ആരെങ്കിലും ചെയ്താല്‍ അയാള്‍ ഔട്ട് ആയതായി പ്രഖ്യാപിക്കും. ഇപ്രകാരം അവസാനം വരെ തെറ്റിക്കാതെ ചെയ്യുന്ന ആള്‍ വിജയിയാകും. 

ഗോലി കളി (വട്ടു കളി)     
ഗോലി (വട്ട്) ഉപയോഗിച്ചുള്ള കളിയാണിത്. കളി സ്ഥലത്ത് ഓരോ മീറ്റര്‍ ഇടവിട്ടു തുല്യ അകലത്തില്‍ മൂന്നു ചെറിയ കുഴികള്‍ കുഴിക്കും. ആദ്യ കുഴിയില്‍ നിന്നും രണ്ടാമത്തതിലേക്കും അവിടെ നിന്നു മൂന്നാമത്തതിലേക്കും അവിടെ നിന്നു തിരിച്ചു ഒന്‍പതു തവണ ഗോലി കുഴിയില്‍ വീഴ്ത്തണം. കുഴിയില്‍ വീഴ്ത്താന്‍ കഴിയാത്തവര്‍ക്കു കളി നഷ്ടപ്പെടും. അപ്പോള്‍ അടുത്ത ആള്‍ക്ക് അവസരം ലഭിക്കും. കളിക്കുന്നതിനിടയില്‍ മറ്റുള്ളവരുടെ ഗോലികള്‍ അടുത്തെങ്ങാനും വന്നാല്‍ അവയെ നമ്മുടെ ഗോലി ഉപയോഗിച്ചു കുഴിയുടെ സമീപത്തു നിന്നും ദൂരത്തേക്കു അടിച്ചു തെറിപ്പിക്കും. 

മൂലകളി     
അഞ്ചു കുട്ടികള്‍ക്കായുള്ള കളിയാണു മൂല കളി. തറയില്‍ അഞ്ചടിയെങ്കിലും നീളമുള്ള സമചതുരം വരയ്ക്കുക. നാലു പേര്‍ ചതുരത്തിന്റെ ഓരോ മൂലയിലും അഞ്ചാമത്തെ ആള്‍ ചതുരത്തിന്റെ മധ്യഭാഗത്തും നില്‍ക്കണം. മൂലകളില്‍ നില്‍ക്കുന്നവര്‍ ഇടയ്ക്കിടെ മൂലകള്‍ മാറും. ആ സമയത്തു നടുക്കു നില്‍ക്കുന്ന ആളിന് ഒഴിഞ്ഞു കിടക്കുന്ന മൂലയിലേക്കു ചാടിക്കയറാം. അങ്ങനെ ചെയ്താല്‍ മൂല നഷ്ടപ്പെട്ട ആള്‍ കളത്തിന്റെ മധ്യ ഭാഗത്ത് എത്തണം. ഏറെ നേരം ഇപ്രകാരം കളി തുടരാം.
Close Menu